സർക്കാർ വാക്കുപാലിച്ചില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം

By Senior Reporter, Malabar News
rajan-ambili death
അച്ഛന്റെയും അമ്മയുടെയും കല്ലറയ്‌ക്ക് അരികെ രഞ്‌ജിത്ത്‌
Ajwa Travels

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ തീപൊള്ളലേറ്റ് മരിച്ച അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളെ സംസ്‌കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്‌ജിത്ത്‌ ഇന്നലെ പൊളിക്കാൻ ശ്രമിച്ചത്.

കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിലാണ് മകൻ ഇത് ചെയ്‌തത്‌. സർക്കാരിനെ വിശ്വസിച്ചത് അബദ്ധമായെന്ന് രഞ്‌ജിത്ത്‌ പറയുന്നു. കോടതി നടപടികൾ തുടരുകയാണെന്നും വിധി വരാൻ വൈകുമെന്നും കേസിലെ അഭിഭാഷക പറഞ്ഞു. ഭൂമി സംബന്ധിച്ച കേസിൽ കോടതിയുടെ മുൻ ഉത്തരവ് തുടരാൻ അറിയിപ്പ് ലഭിച്ചെന്ന് ആരോപിച്ചായിരുന്നു രഞ്‌ജിത്തിന്റെ പ്രതികരണം.

2020 ഡിസംബർ 22നായിരുന്നു വിവാദമായ സംഭവം. ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് രാജനും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. ഇതോടെ, രാജന് ഭൂമിയിൽ അവകാശമില്ലെന്നും ഒഴിയണമെന്നും കോടതിയുടെ ഉത്തരവുണ്ടായി. പിന്നാലെ വിധി നടപ്പാക്കാൻ അധികൃതർ എത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഇരുവരും ഡിസംബർ 28ന് മരിച്ചു. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്‌ഥലം ഇല്ലാത്തതിനെ തുടർന്ന് രാജന്റെ വീട്ടുമുറ്റത്ത് തന്നെ മൺവെട്ടിയുമായി ശവക്കുഴി എടുക്കാൻ ആരംഭിച്ചത് അന്ന് പ്ളസ് ടു വിദ്യാർഥിയായിരുന്ന രഞ്‌ജിത്ത്‌ ആയിരുന്നു. പോലീസ് ആദ്യം എതിർക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പിൻമാറി.

രക്ഷിതാക്കൾ ഉറങ്ങുന്ന മണ്ണ് തനിക്കും സഹോദരൻ രാഹുലിനുമായി നൽകുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെന്നും അത് വിശ്വസിച്ചാണ്, പണം കൊടുത്ത് ഭൂമി വാങ്ങിനൽകാമെന്ന് വാഗ്‌ദാനം നൽകിയ വ്യവസായ പ്രമുഖനെ മടക്കിയതെന്നും രഞ്‌ജിത്ത് പറഞ്ഞു. പിന്നീട് വീട് നിർമിക്കാൻ സർക്കാർ പത്തുലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുത്ത് നൽകിയില്ല.

ഇതോടെ വീട് നിർമാണവും മുടങ്ങി. വൈദ്യുതി ഇല്ലാത്ത വീട്ടിൽ കഴിയുന്ന സഹോദരങ്ങളുടെ സ്‌ഥിതി മനസിലാക്കിയ സന്നദ്ധ സംഘടന ഇവർക്ക് അതേ സ്‌ഥലത്ത്‌ വീട് നിർമിച്ച് നൽകി. വൈദ്യുതിക്ക് വേണ്ടി സോളാർ പാനലുകളും അവർ സ്‌ഥാപിച്ചു.

Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE