തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും. സംസ്‌ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാചര്യത്തിലാണ് നടപടി.
നേരത്തെ, ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെ കുറിച്ച് പഠിക്കാൻ രണ്ടുകോടി രൂപ അനുവദിച്ച് ധനമന്ത്രി കെഎൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്‌ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം ഉടൻ റെയിൽവേ മന്ത്രാലയത്തെ അറിയിക്കും.
1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരി പാത. പദ്ധതി പ്രഖ്യാപിച്ച് മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽ നിന്ന് കാലടിവരെ എട്ടുകിലോമീറ്റർ മാത്രമാണ്. പാതയുടെ നിർമാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചിലവ് വഹിക്കാമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
3810 കോടി രൂപയാണ് പുതുക്കിയ എസ്‌റ്റിമേറ്റ്. ആറുകിലോമീറ്റർ ദൂരത്തിൽ നിർദ്ദിഷ്‌ട രാമപുരം റെയിൽവേ സ്‌റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി-ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യൂ റെയിൽവേ സംയുക്‌ത സർവേ നടത്തി കല്ലിട്ട് തിരിച്ച് സ്‌ഥലമെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ സ്‌റ്റേഷനുകൾ നിർമിക്കുക. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്‌റ്റേഷൻ എവിടെയാണെന്നതിൽ വ്യക്‌തത വന്നിട്ടില്ല.
Most Read| നിപ്പയെ തുരത്താൻ ജപ്പാൻ; വാക്‌സിൻ വികസിപ്പിച്ചു, ക്ളിനിക്കൽ ട്രയൽ ഏപ്രിലിൽ



































