കൊച്ചി: വാഹനാപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യും. തീരാവേദനയിലും കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ചരിത്രത്തിന്റെ ഭാഗമാകും.
ആലിൻ ഷെറിന്റെ അവയവങ്ങൾ കൊച്ചിയിൽ നിന്ന് റോഡുമാർഗം തിരുവനന്തപുരത്ത് എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ശസ്‌ത്രക്രിയ പൂർത്തിയായത്. അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോകുന്നത്.
കുന്നുപുറം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ, ഇടത്തെടുത്ത് മിനി ബൈപ്പാസ്, തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, അടൂർ കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി കിംസ് ആശുപത്രിയിൽ എത്തിക്കും.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്‌ക്ക് 2.30ഓടെ എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപമായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ കുടുംബം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, ഡോക്‌ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്‌ടർമാർ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കുടുംബം മഹാദാനത്തിന് സമ്മതം അറിയിച്ചത്. രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രത്തിലേക്കുമാണ് ദാനം ചെയ്യുന്നത്.
കൊച്ചി അമൃത ആശുപത്രിയിലെ ശസ്‌ത്രക്രിയ വൈകീട്ട് ആറരയോടെ പൂർത്തിയായി. അതിനുശേഷം അവയവങ്ങൾ റോഡുമാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സ്വദേശിയായ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കരൾ മാറ്റിവെക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള പത്തുവയസ് പ്രായമുള്ള പെൺകുട്ടിക്ക് രണ്ടു വൃക്കകളും നൽകും.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































