കൊച്ചി: നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് വലിയ തിരിച്ചടിയാണ് വിധി.
സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ച് സർവേ നടത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്‌ക്കലി സ്വദേശി എംഎച്ച്. മുബാസും കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറും നൽകിയ ഹരജിയിലാണ് കോടതി വിധി.
നവകേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ പാർട്ടി പ്രവർത്തകരെ ഉൾപ്പടെ നിയോഗിച്ച് 20 കോടി രൂപ ചിലവിൽ നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ ആക്ഷേപം. ധനകാര്യ അനുമതിയില്ലാതെയും ബജറ്റ് വകയിരുത്താൻ അല്ലാതെയുമുള്ള നടപടി നിയമവിരുദ്ധമെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി.
സർക്കാർ ചിലവിൽ നടത്തുന്ന ഈ സർവേ, യഥാർഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണ് എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും, ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്‌ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വാദിച്ചു.
സർക്കാർ ചിലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈമാസം 22ആം തീയതി വരെ തുടരാൻ നിശ്‌ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































