കോംപാക്റ്റ് എംപിവി ഗ്രാവൈറ്റ് ഇന്ത്യയിൽ പുറത്തിറക്കി നിസാൻ. 5.65 ലക്ഷം രൂപയെന്ന മോഹവിലയിൽ വാഹനം സ്വന്തമാക്കാം. ആദ്യ 5000 യൂണിറ്റുകൾക്ക് മാത്രമായിരിക്കും ഈ വിലയുടെ ആനുകൂല്യം ലഭിക്കുക.
സിഎംഎഫ്- എ+ പ്ളാറ്റ്ഫോം അടക്കം റെനോ ട്രൈബറിന്റെ പല സവിശേഷതകളും ചേരുന്ന മോഡലാണ് നിസാൻ ഗ്രാവൈറ്റ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ നാല് മീറ്ററിൽ താഴെ വലിപ്പമുള്ള രണ്ട് എംപിവികളിൽ ഒന്നായ ഗ്രാവൈറ്റിന്റെ ബുക്കിങ് നിസാൻ ആരംഭിച്ചിട്ടുണ്ട്.
അടിസ്ഥാന മോഡലായ വിസിയക്കാണ് 5.65 ലക്ഷം രൂപ വില. പെട്രോൾ മാനുവൽ ട്രാൻസ്മിഷനിൽ അസെന്റ (6.59 ലക്ഷം), എൻ കണക്റ്റ (7.20 ലക്ഷം), ടെക്ന (7.91 ലക്ഷം), ലോഞ്ച് എഡിഷൻ (8.35 ലക്ഷം) എന്നീ മോഡലുകളും പെട്രോൾ എഎംടിയിൽ എൻ കണക്റ്റ (7.80 ലക്ഷം), ടെക്ന (8.49 ലക്ഷം), ലോഞ്ച് എഡിഷൻ (8.93 ലക്ഷം) എന്നീ മോഡലുകളും പുറത്തിറക്കുന്നുണ്ട്.
മൂന്നുവർഷം/1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയിലാണ് ഗ്രാവൈറ്റ് എത്തുന്നത്. വാറണ്ടി സെഗ്മെന്റിലെ തന്നെ ഏറ്റവും ഉയർന്ന പത്തുവർഷം/2,00,000 കിലോമീറ്ററിലേക്ക് വർധിപ്പിക്കാനും സാധിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 5000 ഗ്രാവൈറ്റുകൾക്ക് അഞ്ച് വർഷത്തേക്ക് സർവീസ് ചാർജ് ഉണ്ടാവില്ലെന്നും നിസാൻ അറിയിച്ചിട്ടുണ്ട്.
കൂടുതൽ ഫിനാൻസിങ് സൗകര്യങ്ങളും അപ്ഗ്രേഡ് ആനുകൂല്യങ്ങളും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആസ്വദിക്കാനാകും. റെനോ ട്രൈബറിനോട് സാമ്യതയുണ്ടെങ്കിലും ഗ്രാവൈറ്റിന് നിസാൻ തനത് ലുക്ക് നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഹെഡ്ലൈറ്റിലെ പുതിയ ഡിആർഎൽ സിഗ്നേച്ചറുകളും ഹണി കോംബ് ഗ്രില്ലും തനത് വീൽ ഡിസൈനും കാഴ്ചയിൽ പുതുമ നൽകുന്നു.
ബോണറ്റിലും പിന്നിലും ഗ്രാവൈറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. C രൂപത്തിലുള്ള സിൽവർ ഇൻസർട്ടുകളുള്ള ബംപറുകളും വാഹനത്തിന്റെ ഡിസൈൻ മോഡേണാക്കാൻ സഹായിക്കുന്നുണ്ട്. ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ളാക്ക്, ബ്ളേഡ് സിൽവർ, സ്നോ വൈറ്റ്, മെറ്റാലിക് ഗ്രേ എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളും ഗ്രാവൈറ്റിലുണ്ട്.
സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ്, റിയർ വ്യൂ ക്യാമറ എന്നിവ ഉൾപ്പെടാം. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളോട് കൂടിയ 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാകും ഗ്രാവൈറ്റിനും.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































