തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോർട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2021ലെ പ്രകടന പത്രികയിലെ 900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞെന്നും വ്യക്‌തമാക്കി.
ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പത്തുമണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോർട് പ്രകാശനം ചെയ്‌തത്. കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നൽകിയ വാഗ്‌ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു.
2021ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട് അനുസരിച്ച് 600 വാഗ്‌ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. സർക്കാരിന്റെ പ്രധാന നേട്ടമായി പറയുന്ന ലൈഫ് മിഷൻ വഴി അഞ്ചുലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്‌താക്കൾക്ക് നൽകിയ കാര്യം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, മൽസ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്‌ളാറ്റുകളും കൈമാറി.
ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചു. 60,000ത്തിലധികം കുടുംബങ്ങളെ അതി ദാരിദ്ര്യമുക്‌തമാക്കി. ജപ്‌തി നടപടികളിൽ വീടുകൾ ഇല്ലാതാകുന്നത് തടയാൻ ഏകകിടപ്പാട സംരക്ഷണ നിയമം പാസാക്കി. ഭരണ സേവനങ്ങൾ ലളിതമാക്കാൻ കൊണ്ടുവന്ന കെ സ്‍മാർട്ട് 82 ലക്ഷം അപേക്ഷകളിൽ നടപടി സ്വീകരിച്ചു.
പിഎസ്‌സി 3,13,212 പേർക്ക് നിയമനം നൽകി. ദേശീയപാത, മലയോര, ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത എന്നിവയിലെ പുരോഗതിയും മുഖ്യമന്ത്രി വ്യക്‌തമാക്കി. സ്‌ത്രീ ശാക്‌തീകരണത്തിന് മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്‌ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി വിശദമാക്കി.
അതേസമയം, യുഡിഎഫ് ഗ്യാരണ്ടിയെ മുഖ്യമന്ത്രി പരിഹസിച്ചു. ആദ്യം മുണ്ടക്കൈയിലെ ശ്രുതിക്ക് വീടുവെച്ച് നൽകട്ടെ. അതിനുശേഷം ഗ്യാരണ്ടിയിലേക്ക് കടക്കാമെന്നും ദുരന്തബാധിതരെ വിശ്വാസത്തിലെടുത്താണ് സർക്കാർ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ബംഗ്ളാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ; കാവൽക്കാർ പാമ്പും മുതലയും







































