ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ ഇന്ന് പണിമുടക്കും. സംസ്‌ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
രാവിലെ തിരുവനന്തപുരത്ത് മാർച്ചും ധർണയും സംഘടിപ്പിക്കും. പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുക. ഓൺലൈൻ ഭക്ഷണവിതരണവും ഇന്ന് ഉണ്ടാകില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്‌റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളും സമരത്തിൽ പങ്കാളികളാകും.
മേയ് ഒന്നിനാണ് രാജ്യത്ത് 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവ് വരുത്തിയത്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതോടെ രാജ്യതലസ്‌ഥാനമായ ഡെൽഹിയിൽ സിലിണ്ടറിന്റെ വില 3071.50 രൂപയായി ഉയർന്നു. മുംബൈയിൽ 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു. 3085 രൂപയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106. കോഴിക്കോട്ട് 3117.5 രൂപ.
ഫെബ്രുവരി 28ന് പശ്‌ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയുടെ വർധനവ് ഉണ്ടായപ്പോൾ ഏപ്രിൽ ഒന്നിന് 200 രൂപയുടെ വർധനയുണ്ടായി. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
തുടർച്ചയായുള്ള ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മറ്റു ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിച്ചു. ഹോട്ടലുകൾ മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ് നിലവിൽ. വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. ഇതിനിടെയാണ് ഇടിത്തീ പോലെ ഗ്യാസ് വിലക്കയറ്റവും.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































