തിരുവനന്തപുരം: 16ആം നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്‌ഞ.
പ്രോടെം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാ നടപടി നിയന്ത്രിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനാണ്. കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വിഇ. അബ്‌ദുൽ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്.
ബുധനാഴ്‌ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുമ്പാകെയാണ് ജി. സുധാകരൻ സത്യവാചകം ചൊല്ലിയത്. അമ്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മാത്രമാണുള്ളത്.
നാളെ രാവിലെ ഒമ്പതിന് സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ചർച്ച നടക്കും. അതേസമയം, സ്‌പീക്കർ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ബിജെപി തീരുമാനിച്ചു. ചാത്തന്നൂരിൽ നിന്ന് വിജയിച്ച ബിബി. ഗോപകുമാർ മൽസരിക്കും.
Most Read| ജെഎംഎ നിവേദനം മുഖ്യമന്ത്രിക്ക്; ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം





































