തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ അടക്കമുള്ള സുരക്ഷാ സംഘത്തിന്റെ നടപടി ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ പരിശോധിച്ച എസ്ഐടി സുരക്ഷാ സംഘത്തിനെതിരായ പ്രാഥമിക റിപ്പോർട് വൈകാതെ ഡിജിപിക്ക് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം. സ്ഥലത്ത് ലോക്കൽ പോലീസ് ഉണ്ടായിട്ടും വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഗൺമാനടക്കമുള്ളവർ നടത്തിയ അതിക്രമം ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
സുരക്ഷാ സംഘത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നതതലത്തിൽ പോലീസിന്റെ ഇടപെടൽ ഉണ്ടായെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് ഡയറി തിരുത്തിയെന്ന ആരോപണവും എസ്ഐടി അന്വേഷിക്കും.
പിണറായിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടക്കം നാലുപേർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ ലഭ്യമായിരുന്നിട്ടും ഇവർക്ക് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് മുൻപ് ജില്ലാ ക്രൈം കോടതിയിൽ നൽകിയത്.
ഇത് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ തീരുമാനിച്ചത്. ഗൺമാൻ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു




































