കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് ബോട്ടിലിൽ വാറ്റ് ചാരായം പിടികൂടിയ സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച. വാറ്റ് ചാരായം നിർമിച്ച വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് പോയത്.
ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് നിരക്കാത്തതാണ് പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായകമായത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി (28 ലിറ്റർ) വ്യാജമദ്യവും ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനോ പോലീസിന് സാധിച്ചില്ലെന്നാണ് വ്യാപകമായി ആക്ഷേപം ഉയരുന്നത്. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർഥിയുടെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയത്.
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണെന്നാണ് മൊഴി നൽകിയത്. മറ്റു കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചു നൽകിയിട്ടുണ്ടെന്നും അധ്യാപകർക്ക് വിവരം ലഭിച്ചു. പിന്നീട് സംഭവം താമരശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ തന്റെ രണ്ടാനച്ഛൻ നാടൻ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർഥി വെളിപ്പെടുത്തുകയായിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

































