കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തലവേദനയെ തുടർന്ന് ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്‌ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു വിഷ്‌ണു.
കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക ആസ്‌റ്റർ മിംസിൽ ചികിൽസയിലുള്ള 32-കാരിക്കും രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കും രണ്ട് കോർണിയകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് കൈമാറിയത്.
സംസ്‌ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കെ-സോട്ടോയുടെ ഏകോപനത്തോടെ പോലീസിന്റെയും മറ്റു ഏജൻസികളുടെയും സഹായത്തോടെ ആയിരുന്നു അവയവ കൈമാറ്റ ദൗത്യം നടന്നത്. ജൂലൈ ആറാം തീയതിയാണ് വിഷ്‌ണുവിനെ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിൽ തലച്ചോറിൽ അതിതീവ്രമായ രക്‌തസ്രാവം കണ്ടെത്തി.
വിദഗ്‌ധ മെഡിക്കൽ സംഘം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരമാവധി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെയാണ് വിഷ്‌ണു മരണത്തിന് കീഴടങ്ങിയത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവ ദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ വിഷ്‌ണുവിന്റെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
ആസ്‌റ്റർ മിംസിലെ നെഫ്രോളജി, യൂറോളജി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്‌ടർമാരുടെയും ട്രാൻസ്‌പ്ളാന്റ് കോർഡിനേറ്ററുടെയും നേതൃത്വത്തിലാണ് ഈ ട്രാൻസ്‌പ്ളാന്റ് നടപടികൾ വിജയകരമായി നടത്തിയത്. വലിയൊരു നഷ്‌ടത്തിലും സമൂഹത്തിന് വലിയൊരു സന്ദേശം നൽകിയ വിഷ്‌ണുവിന്റെ കുടുംബത്തോടുള്ള ആദരവും നന്ദിയും ആശുപത്രി മാനേജ്മെന്റ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































