കൽപ്പറ്റ: വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുരങ്കപാതയ്ക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷം മാത്രമേ തുരങ്കപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുകയുള്ളൂ. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ അന്വേഷണവും നടക്കുമെന്നും മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു.
എൻഡിആർഎഫിന്റെ 60 അംഗ ടീമും ഫയർഫോഴ്സിന്റെ 250 അംഗ ടീമും പോലീസും ചേർന്നാണ് അപകട സ്ഥലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴ നിർത്താതെ പെയ്യുന്നതിനാൽ തിരച്ചിൽ ദുഷ്കരമാണ്. കാണാതായ അഞ്ച് പേരെ കണ്ടെത്താനുള്ള അതിതീവ്ര ശ്രമത്തിലാണ് സംഘമുള്ളത്. കാണാതായവരെ പുഴയിലൂടെ ഒഴുകിപ്പോവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
നാളെ പുഴയിൽ തിരച്ചിൽ ആരംഭിക്കും. സംഭവ സ്ഥലത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും അപകട സാധ്യതയുള്ള മറ്റു മേഖലകളിൽ നിന്നും എല്ലാവരെയും മാറ്റിപ്പാർപ്പിക്കുന്നുണ്ട്. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്. അഞ്ചുപേരെ കാണാതായി. പത്തുപേർ ചികിൽസ തേടി. മൂന്നുപേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. മൂന്നുപേർ ഐസിയുവിലാണ്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിൽസ നടത്താനുള്ള ധനസഹായവും സർക്കാർ നൽകും. മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരിച്ചത്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളാണ് മൂന്നുപേരും.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം





































