ന്യൂഡെൽഹി: ഇന്ത്യ- ഓസ്‍ട്രേലിയ ബന്ധത്തിലെ ഏറ്റവും നിർണായക കരാർ യാഥാർഥ്യമായി. ഇന്ത്യയുടെ ആണവ പദ്ധതിക്കായി യുറേനിയം വിതരണം ചെയ്യാൻ ഓസ്‍ട്രേലിയ തയ്യാറായി. ഇതൊരു സുപ്രധാന വ്യാപാരക്കരാറാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ യുറേനിയം ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങൾക്ക് പുതിയ വേഗത നൽകുമെന്ന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിനിടെയാണ് പ്രധാന പ്രഖ്യാപനം ഉണ്ടായത്. അടുത്ത 20 വർഷത്തിനുള്ളിൽ ആണവോർജ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിക്ക് അടിത്തറ നൽകുന്ന കരാറാണിത്. 2047ഓടെ ആണവോർജ ഉൽപ്പാദനം 100 ജിഗാവാട്ട് ആയി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ ആഭ്യന്തര സ്രോതസുകൾക്ക് പുറമെ വിദേശ ഇറക്കുമതി കൂടി ഇന്ത്യക്ക് ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ശേഖരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ലോകത്തിലെ മൊത്തം യുറേനിയം ശേഖരത്തിന്റെ ഏകദേശം 28 ശതമാനവും ഓസ്ട്രേലിയയുടെ കൈവശമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശേഖരമാണിത്.
അന്താരാഷ്‌ട്ര അവവോർജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും ഈ യുറേനിയം കയറ്റുമതി ചെയ്യുക. കൂടാതെ, ഇത് സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ധാരണ.
പുതിയ കരാറിലൂടെ ഇന്ത്യയുടെ ഊർജ സുരക്ഷയും പരിസ്‌ഥിതി സൗഹൃദമായ ഊർജ ലക്ഷ്യങ്ങളും ശക്‌തിപ്പെടുത്താം. ഖനനരംഗത്തെ വെല്ലുവിളികളും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പരിഗണിക്കുമ്പോൾ തടസമില്ലാതെ വൈദ്യുതി നൽകാൻ കഴിയുന്ന ആണവനിലയങ്ങളുടെ വിപുലീകരണം അനിവാര്യമാണ്. അതിന് വഴിതുറക്കുകയാണ് കരാർ.
Most Read| ബ്‌ളാക് മെയിലിങ് ജേർണലിസം; ‘ഓപ്പറേഷൻ തൂഫാൻ’ ആവശ്യപ്പെട്ട് കോംഇന്ത്യ

































