തൃശൂർ: പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക വിമർശനം. ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് പുലിക്കളിയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
”പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം”.
പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തി. പോസ്റ്റിന്റെ കമന്റ് ബോക്സിലും അല്ലാതെയുമായി കടുത്ത വിമർശനമാണ് ഉയരുന്നത്. വികെ. ശ്രീരാമന്റെ പരാമർശം കലാകാരൻമാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണെന്ന് പുലിക്കളി സംഘങ്ങൾ പറഞ്ഞു.
കലാകാരൻമാരോട് വികെ ശ്രീരാമൻ മാപ്പ് പറയണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം, തനിക്കെതിരായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ, പോസ്റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്നും വികെ ശ്രീരാമൻ വ്യക്തമാക്കി. തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ പുലിക്കളിയെ റെക്കോർഡിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു വിവാദം ഉയർന്നിരിക്കുന്നത്.
Most Read| മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം, ഇടയ്ക്ക് അകന്നു, ഒടുവിൽ തിരിച്ചറിഞ്ഞ സത്യം!





































