കോഴിക്കോട്: ചാലിയാറിൽ മാവൂർ എളമരം കടവിൽ പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി. പാലത്തിന് മുകളിൽ വ്യായാമം ചെയ്യുന്നവർ ഇന്ന് രാവിലെ ആറരയോടെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫയർ യൂണിറ്റും സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചെറുവള്ളങ്ങൾ ഉപയോഗിച്ച് മൃതദേഹം കരയ്‌ക്കെത്തിച്ചു. രേഖകൾ പ്രകാരം ഒറ്റപ്പാലം അഴിയന്നൂർ സ്വദേശിയായ ദിലീപ് (30) ആണ് മരിച്ചതെന്ന് വ്യക്‌തമായി. കോഴിക്കോട് ഈസ്‌റ്റേൺ കമ്പനിയിൽ സെയിൽസ്‌മാൻ ആയി ജോലി ചെയ്‌തുവന്ന ദിലീപിനെ ഈമാസം 17 മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ അരീക്കോട് പാലത്തിന് സമീപം നിൽക്കുന്നതായി കണ്ടെന്ന് വിവരം ലഭിച്ചതോടെ അന്ന് ചാലിയാറിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മാവൂർ എസ്‌ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. ദിലീപിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































