അബുദാബി: യുഎഇ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഇത്തിഹാദ് എയർവേഴ്‌സിന്റെ ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ യോഗ്യത നേടി.
വ്യോമയാന രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പരിചയസമ്പത്തിന് ശേഷമാണ് ഹുദ അൽ മുസല്ലമി ഈ സുപ്രധാന പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. യുഎഇ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തിഹാദ് എയർവേഴ്‌സ് ഈ അഭിമാന നേട്ടം പ്രഖ്യാപിച്ചത്.
പൈലറ്റുമാർക്ക് അത്യാധുനിക രീതിയിലുള്ള പരിശീലനം നൽകുന്നതിനും അവരെ ഉയർന്ന സുരക്ഷാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ചുമതല ലഭിക്കുന്ന ആദ്യ എമിറാത്തി വനിതയാണ് ഹുദ. 2003ൽ വ്യോമയാന രംഗത്തേക്ക് കടന്നുവന്ന ഹുദ, 2014ലാണ് ഇത്തിഹാദ് എയർവേഴ്‌സിന്റെ ഭാഗമാകുന്നത്.
ഫസ്‌റ്റ് ഓഫീസറായി കരിയർ ആരംഭിച്ച അവർ 2023ൽ ക്യാപ്റ്റനായും 2026ൽ ടൈപ്പ് റേറ്റിങ് ഇൻസ്‌ട്രക്‌ടറായും കരിയർ ഉയർത്തി. നിലവിൽ ബോയിങ് 787 വിമാനങ്ങളിൽ ടൈപ്പ് റേറ്റിങ് കൈവശമുള്ള ഹുദ, 10,000 മണിക്കൂറിലേറെ വിമാനം പറത്തിയതിന്റെ വലിയ പരിചയസമ്പത്തുള്ള വ്യക്‌തി കൂടിയാണ്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ബോയിങ് 787ന് പുറമെ എയർബസ് എ330, എ340, ബോയിങ് 777 എന്നീ കൂറ്റൻ വിമാനങ്ങളും അവർ വിജയകരമായി നിയന്ത്രിച്ചിട്ടുണ്ട്.
ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ”ഈ പദവിയിലെത്തുന്ന ആദ്യ വ്യക്‌തിയാകുക എന്നതിൽ മാത്രം ഞാൻ ഒതുങ്ങുന്നില്ല. ഇനി കൂടുതൽ എമിറാത്തി സ്‌ത്രീകൾക്ക് ഈ രംഗത്തേക്ക് കടന്നുവരാനും ഉയർന്ന സ്‌ഥാനങ്ങളിലേക്ക് എത്തുന്നതിനും വഴിയൊരുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന്” ഹുദ അൽ മുസല്ലമി പ്രതികരിച്ചു.
യുഎഇയുടെ സവിശേഷമായ വീക്ഷണത്തെയും രാജ്യത്തെ പ്രതിഭകളെ ഉയർത്തി കൊണ്ടുവരാനുള്ള ഇത്തിഹാദിന്റെ പ്രതിബദ്ധതയെയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് പീപ്പിൾ, ഗവൺമെന്റ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസർ ഡോ. നാദിയ ബസ്‌താക്കി പറഞ്ഞു. ഇമറാത്തി വനിതകൾക്ക് സ്വപ്‌നം കാണാനും അത് യാഥാർഥ്യമാക്കാനുമുള്ള വലിയൊരു അവസരമാണ് ഇത്തിഹാദ് ഒരുക്കുന്നതെന്നും അവർ വ്യക്‌തമാക്കി.
നിലവിൽ ഇത്തിഹാദ് എയർവേഴ്‌സിൽ ജോലി ചെയ്യുന്ന യുഎഇ പൗരൻമാരിൽ 75 ശതമാനവും സ്‌ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഫ്‌ളൈറ്റ് ഡെക്ക് മുതൽ മുതിർന്ന നേതൃത്വ പദവികളിൽ വരെ സ്‌ത്രീകളുടെ ശക്‌തമായ പ്രാതിനിധ്യമുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം







































