കോഴിക്കോട്: താമരശ്ശേരിയിൽ 20 വയസുകാരിയെ നഗ്‌നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികാരം തീർക്കാനായിരുന്നു 20കാരിയെ പീഡിപ്പിച്ചതെന്ന് അറസ്‌റ്റിലായ ബസ് ജീവനക്കാർ മൊഴി നൽകി.
പ്രതികളായ ബസ് ഡ്രൈവർ അനീഷ് (38), ക്ളീനർ സജിത്ത് (24) എന്നിവർ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ജോലി സ്‌ഥലത്തെത്തി യുവതിയോട് ഇവർ പണം കടം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പഴ്‌സ് തട്ടിപ്പറിച്ചു. യുവതിയുടെ വീട്ടുകാരെത്തി പഴ്‌സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരമായി ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചത്. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയെന്ന് ഡിവൈഎസ്‌പി കെഎ. ബോസ് പറഞ്ഞു. കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. യുവതിയെ പലതവണ പീഡിപ്പിക്കാനായി പ്രതികൾ ഉപയോഗിച്ച ബസ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഫൊറൻസിക് വിദഗ്‌ധർ എത്തി ബസിൽ ശാസ്‌ത്രീയ പരിശോധന നടത്തി. ബസിലെ ക്യാമറയും വിശദമായി പരിശോധിച്ചു. ബസ് നിർത്തിയിട്ടിരുന്ന സമയത്ത് ക്യാമറ പ്രവർത്തിക്കാത്തത് മൂലം പീഡന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. കോടതി റിമാൻഡ് ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി തെളിവുകൾ ശേഖരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
കോഴിക്കോട്-അടിവാരം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് കേസിലെ പ്രതികൾ. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെ പ്രതികൾ കാറിലെത്തുകയും ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം സ്വകാര്യ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































