പത്തനംതിട്ട: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ നിയമോപദേശം കിട്ടിയെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആകാമെന്ന ഉപദേശമാണ് അഡ്വ. ജനറൽ കൈമാറിയിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് വിജിലൻസിന് തീരുമാനിക്കാം എന്നാണ് നിയമോപദേശം.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
കത്തിൽ സർക്കാർ നിയമോപദേശം തേടുകയായിരുന്നു. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവുകൾ സഹിതമാണ് ഇഡി കത്ത് നൽകിയത്. പ്രതികളിൽ ഓരോരുത്തർക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം





































