തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. വിഷയത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്ന് വ്യക്തമാക്കി ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
”ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ”- എന്നാണ് ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്.
ആർ ശ്രീലേഖ ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സെപ്തംബർ 30ന് മേയർ വിവി രാജേഷിന് കൈമാറിയെന്നാണ് വാർത്തകൾ പുറത്തുവന്നത്. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നായിരുന്നു വിവരം.
ഇതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ശ്രമങ്ങളുമായി രംഗത്തെത്തി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉൾപ്പടെയുള്ളവർ സന്ദർശിക്കുകയും പിന്നാലെ രാജി വാർത്ത തള്ളുകയുമായിരുന്നു. ഇതിന് പിന്നാലെ ശ്രീലേഖ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിൻവലിച്ചു.
മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്ക് തുടക്കം മുതൽ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോർപറേഷൻ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം നൽകാത്തതിൽ ശ്രീലേഖയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി


































