തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ഹാജർ ബുക്കിൽ രേഖപ്പെടുത്തിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
മേയർ വിവി രാജേഷ്, വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. സിപിഎം നേതാവ് എസ്പി ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക പരിശോധനക്ക് ശേഷം കമ്മീഷണർക്ക് റിപ്പോർട് നൽകിയിരുന്നു.
വിവി രാജേഷാണ് കേസിലെ ഒന്നാം പ്രതി, സുഗതൻ രണ്ടാം പ്രതിയും കോർപറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സുഗതന്റെ ഒപ്പ് വിവി രാജേഷും സെക്രട്ടറിയും ചേർന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആർ.
കോർപറേഷൻ ഭരണം നിലനിർത്തുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടെന്നും ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ ദിവസങ്ങളിലെ കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ്ഐആറിൽ പറയുന്നു. സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































