കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദേശി പി തങ്കമണിയാണ് മരിച്ചത്. ചികിൽസാ പിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈമാസം അഞ്ചിനാണ് തങ്കമണിയെ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനായിരുന്നു ശസ്ത്രക്രിയ. ഒമ്പതിന് വാർഡിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പത്തിന് രക്തം ഛർദ്ദിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് 11ആം തീയതി വീണ്ടും സർജറി നടത്തിയതായി ബന്ധുക്കൾ പറയുന്നു. പിന്നാലെ 12നാണ് തങ്കമണി മരിച്ചത്.
സർജറിക്കിടെ ചെറുകുടലിൽ ചെറിയ മുറിവ് സംഭവിച്ചതായി ഡോക്ടർമാർ തന്നെ സമ്മതിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































