പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടത്തിൽ ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിൽ എടുത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽപ്പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. യുവാക്കൾ മദ്യപാനത്തിന് എത്തിയപ്പോൾ ഭിക്ഷാടകൻ എത്തുകയും തുടർന്ന് തർക്കത്തിൽ ഏർപ്പെട്ടുവെന്നുമാണ് പോലീസ് കരുതുന്നത്. ആരാണ് മരിച്ചതെന്ന കാര്യം വ്യക്തമല്ല.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്

































