കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിൽ തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ ബി പോളിന്റെ (32) ഫോണിൽ നിന്ന് നിർണായക ചാറ്റുകൾ കണ്ടെത്തി. തീയിടുന്നത് ഇയാൾ ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുൻവശത്ത് സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ളക്സുകളും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പോലീസ് സംരക്ഷണമുണ്ട്. എന്നാൽ, തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നീല നിറത്തിലുള്ള കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്ക് മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് മാറിനിന്ന് തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു.
ഇക്കാര്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് സിസിടിവി പരിശോധിച്ചാണ് കാറിന്റെ നമ്പർ കണ്ടെത്തിയത്. തുടർന്ന് കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുത്തൻകുരിശിലെ ഒരു വില്ലയിൽ താമസിക്കുകയായിരുന്ന പ്രതി പിടിയിലായത്.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചത്. ഇത് ആരുടെതെന്ന് വ്യക്തമല്ല. പ്രതി ‘ബോസ്’ എന്ന് വിളിക്കുന്ന ഒരാൾ നൽകുന്ന ദൗത്യങ്ങൾ നിർവഹിക്കുകയാണ് ചെയ്യുന്നത്.
ഡെൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നീ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും പോലീസ് കണ്ടെത്തി. ചെയ്യുന്ന കുറ്റകൃത്യങ്ങൾ വീഡിയോയിൽ പകർത്തി ഇയാൾക്ക് അയച്ചുകൊടുത്ത് പ്രതിഫലം ക്രിപ്റ്റോ കറൻസിയായി കൈപ്പറ്റുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
നിലവിൽ റിമാൻഡിലുള്ള പർത്തിയെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം, സെൻട്രൽ പോലീസ് നൽകിയ വിവരം അനുസരിച്ച് പുത്തൻകുരിശ് പോലീസ് പ്രതി താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടികൂടി.
വെള്ള ഹെറോയിൻ-3.613 ഗ്രാം, ബ്രൗൺ ഹെറോയിൻ-2.736 ഗ്രാം, ഓക്സികോഡോൺ-2.361 ഗ്രാം, ഫെന്റനൈൽ-5.264 ഗ്രാം, ആൽപ്രോസോലം-20.171 ഗ്രാം, കേറ്റാമിൻ-50.883 ഗ്രാം, കെ-റോക്ക്-20.675 ഗ്രാം എന്നിവയാണ് പിടിച്ചെടുത്തത്. ഈ കേസ് പുത്തൻകുരിശ് പോലീസാണ് അന്വേഷിക്കുന്നത്.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത




































