കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിലെ മുഖ്യപ്രതിയായ എബിൻ പോളിന് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. എബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ സെർച്ച് ഹിസ്റ്ററിയിൽ രാജ്യാന്തര ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി.
പ്രതി ആശയവിനിമയത്തിനായി കൂടുതലായി ഉപയോഗിച്ചിരുന്നത് ടെലഗ്രാമാണ്. ഇതിൽ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിലെ ഇടപെടലുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിലെ ബോസ് എന്ന ഐഡിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് കടവുംഭാഗം സിനഗോഗിന് മുമ്പിൽ തീയിട്ടതെന്ന് എബിൻ മൊഴി നൽകിയിരുന്നു.
ഇപ്പോൾ ഓൺലൈനിലൂടെ പരിചയപ്പെട്ട വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് എബിൻ പറയുന്നത്. വിക്രം തന്നെയാണോ ബോസ് എന്ന് പരിശോധിക്കുകയാണ് എസ്ഐടി. എബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പുകളും ഫൊറൻസിക് പരിശോണയ്ക്ക് അയച്ചിരിക്കുകയാണ്. ടെലഗ്രാം ചാറ്റുകൾ കുറിച്ച് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ടെലഗ്രാമിനും പോലീസ് കത്തയച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുൻവശത്ത് സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ളക്സുകളും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പുത്തൻകുരിശ് സ്വദേശി എബിൻ ബി പോളാണ് (32) അറസ്റ്റിലായത്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































