തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
കിഫ്ബി വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദ്ദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 13,103 കോടി രൂപയാണ് കിഫ്ബി വഴി അധിക ബാധ്യത വന്നത്. മസാല ബോണ്ട് വഴി നഷ്ടമുണ്ടായത് 181 കോടി രൂപയാണ്. സർക്കാർ വായ്പ എടുക്കുമായിരുന്നെങ്കിൽ ഉണ്ടാകുന്നതിനേക്കാൾ 369 കോടി പ്രതിവർഷ അധിക പലിശ ഉണ്ടായി.
ഭൂമി ഏറ്റെടുക്കൽ പകുതിയിലധികം നടന്നത് കണ്ണൂരിലാണ്. 1000 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതെ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നൽകി കണ്ണൂരിൽ ഏറ്റെടുത്തതെന്ന് ആർക്കും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രാവർത്തിച്ചത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നു. സർക്കാർ നൽകുന്ന തുക മുഴുവൻ വായ്പകളുടെ തിരിച്ചടവിന് വേണ്ടിയാണ് ഉപയോഗിച്ചത്. സർക്കാർ നൽകിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്.
കിഫ്ബിയെ കുറിച്ച് പഠിച്ച മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാപിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട് വായിച്ചാൽ ഞെട്ടിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമിതിയുടെ പ്രധാന ശുപാർശ
2016 മുതൽ 26 വരെ കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങളുടെ പെർഫോമൻസ് ഓഡിറ്റ് സിഎജിയെ കൊണ്ട് അടിയന്തരമായി നടത്തണം എന്നതാണ് സമിതിയുടെ പ്രധാന ശുപാർശ. വിപണിയിൽ നിന്ന് കിഫ്ബി പണമെടുക്കുന്നത് അവസാനിപ്പിക്കണം. കിഫ്ബിയുടെ ബാധ്യതകൾ അടച്ചുതീർക്കാനുള്ള വിഹിതം വാർഷിക ബജറ്റിൽ ഉൾപ്പെടുത്തണം.
മോട്ടോർ വാഹന നികുതിയുടെ വിഹിതവും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്ക് പോകുന്നത് റദ്ദാക്കണം. നേരിട്ടുള്ള കടമെടുപ്പും പദ്ധതി നടത്തിപ്പും ഒഴിവാക്കുന്നതോടെ കിഫ്ബിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ കരാർ അവസാനിക്കുന്നത് വരെ മാത്രം തുടരാൻ അനുവദിക്കണം.
പദ്ധതികളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ പ്ളാനിങ് ബോർഡിലേക്ക് ഉൾപ്പെടുത്തി പഞ്ചവൽസര പദ്ധതി നടത്തിപ്പിനായി ഉപയോഗിക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഫിനാൻസ് വിഭാഗത്തെ ധനവകുപ്പിന്റെ ഭാഗമാക്കാം. ജീവനക്കാരുടെ ശമ്പളവും ഇൻസെന്റീവുകളും പുനഃപരിശോധിക്കണം. കിഫ്ബി സിഇഒയ്ക്ക് നിയമനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പ് 10 നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്നും സമിതി നിർദ്ദേശിച്ചു.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം


































