ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രോൽസവത്തിനിടെ ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 മരണം. 39 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷീത്ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്തർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടം.
ചിന്നോർ ഭാഗത്തുനിന്ന് നെല്ല് കയറ്റിവന്ന ട്രക്കാണ് ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ടത്. നവരാത്രി ആഘോഷം പ്രമാണിച്ച് ഭാരവാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന റോഡിലൂടെയാണ് അമിതവേഗത്തിൽ വാഹനം പാഞ്ഞെത്തിയത്.
പോലീസിന്റെ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത ട്രക്ക്, വഴിയിലുണ്ടായിരുന്ന ഭക്തരെ ഇടിച്ചുതെറിപ്പിച്ചശേഷം ക്ഷേത്രത്തിന്റെ പുറംമതിലിലും പ്രധാന കവാടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
പരിക്കേറ്റ 39 പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കിയുള്ളവർക്ക് സാരമായി പരിക്കേറ്റതായും ഗ്വാളിയാർ എസ്എസ്പി ധർമ്മവീർ സിങ് അറിയിച്ചു, ക്ഷേത്രപരിസരത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങൾ പ്രമാണിച്ച് കടുത്ത ഗതാഗത നിയന്ത്രണങ്ങളും പോലീസ് പരിശോധനയും നിലവിലുണ്ടായിരുന്ന പ്രദേശത്ത് ഭാരവാഹനം എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ഗ്വാളിയാർ കലക്ടർ രുചിക ചൗഹാൻ ഉത്തരവിട്ടു. മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സംഘം വാഹനം പരിശോധിച്ച് വരികയാണ്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































