തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജിലും വർധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ചുവർഷത്തേക്കാണ് പുതിയ നയം നടപ്പാക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ നയം.
എന്നാൽ, അന്തിമ നിരക്ക് സംബന്ധിച്ച തീരുമാനം പൊതുഹിയറിങ്ങിനും തുടർനടപടികൾക്കും ശേഷമായിരിക്കും. കെഎസ്ഇബിയുടെ മുൻകാല നഷ്ടങ്ങളും ബാധ്യതകളും നിരക്ക് നിർണയത്തിൽ പരിഗണിക്കേണ്ടി വരും. നിലവിൽ ഏകദേശം 5000 കോടിയുടെ ബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്.
ഈ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നാലുവർഷം കൊണ്ട് ബാധ്യത തീർപ്പാക്കാനുള്ള നിർദ്ദേശവും കമ്മീഷന്റെ പരിഗണനയിലുണ്ട്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിൽ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും.
കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇനിമുതൽ വൈകീട്ട് ആറുമണിമുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































