കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മൊഴിമാറ്റി ഗൺമാനായ അഭിലാഷ്. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണെന്ന് അഭിലാഷ് എസ്ഐടിക്ക് മൊഴി നൽകി.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ ജോർജ് നിർദ്ദേശിച്ച പ്രകാരമാണ് റെയിൽവേ പോലീസിന് അന്ന് മൊഴി നൽകിയതെന്നും അഭിലാഷ് പറഞ്ഞു. കേസിൽ അഭിലാഷിന്റെ മൊഴിയായിരുന്നു നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കതിരെ കേസെടുത്തത്.
എന്നാൽ, വ്യാജ മൊഴി നൽകിയ സംഭവത്തിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്ഐടി ശുപാർശ ചെയ്യും. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോർട് നൽകും. കേസിൽ വീണാ ജോർജിന്റെ മൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചുവെച്ച ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കതിരെ കേസെടുത്തിരുന്നത്.
കെഎസ്യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, വിവി. അക്ഷയ്, സിഎച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്കെതിരെ ആയിരുന്നു കേസ്. വധശ്രമം ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ കെഎസ്യു പ്രവർത്തകർക്ക് 16 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് ജൂൺ പത്തിന് പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കേസിന്റെ തുടക്കത്തിൽ ആരോപിക്കപ്പെട്ട വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ അതീവ ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വീണാ ജോർജിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് തെളിഞ്ഞില്ല. ഇതോടെ കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി.
എന്നാൽ, ജയിൽവാസം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ കേസിലെ പ്രതികളായ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ എസ്ഐടി രൂപീകരിച്ചു തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
Most Read| അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി




































