ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി.
പോലീസ് വിലക്കും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധിക്കാനുള്ള ഇടങ്ങളിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെതിരെ ആയിരുന്നു ഇവരുടെ മിന്നൽ സമരം. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ നേതാക്കളെ മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
തിഹാർ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. അഞ്ചുദിവസം കഴിഞ്ഞിട്ടും ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതിൽ സിജെപി കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കസ്റ്റഡി കാലാവധി നീട്ടിയത്. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































