സാവോ പോളോ: ഇടതുപക്ഷ നേതാവ് ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമാണ് ലുല ഡസിൽവ.
കൺസർവേറ്റീവ് നേതാവ് ഫ്‌ളാവിയോ ബൊൽസൊനാരോയെ ശക്‌തമായ മൽസരത്തിലൂടെ പരാജയപ്പെടുത്തിയാണ് 80കാരനായ ലുല ബ്രസീലിന്റെ തലപ്പത്തേക്ക് വീണ്ടുമെത്തിയത്. ആദ്യഘട്ട വോട്ടെടുപ്പിൽ 47 ശതമാനം വോട്ടുമായി ബൊൽസൊനാരോ ആണ് മുന്നിട്ട് നിന്നത്. ലുലയ്‌ക്ക് 45 ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്.
ആദ്യ റൗണ്ടിൽ ഇരുവരിൽ ആർക്കും തന്നെ 50 ശതമാനം വോട്ട് നേടാനാകാതെ വന്നതോടെ രണ്ടാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ബൊൽസൊനാരോയ്‌ക്ക് 48.24 ശതമാനം വോട്ട് ലഭിച്ചപ്പോൾ 51.75 ശതമാനം വോട്ടുകൾ നേടിയാണ് ലുല വീണ്ടും പ്രസിഡണ്ട് പദത്തിലേക്ക് എത്തുന്നത്.
ബ്രസീലിൽ ഔദ്യോഗിക പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ആരംഭിച്ച 1989ന് ശേഷം ഇതാദ്യമായാണ് ആദ്യ റൗണ്ടിൽ പിന്നിട്ട് നിന്ന സ്‌ഥാനാർഥി രണ്ടാം റൗണ്ടിൽ വിജയിക്കുന്നത്. 2027 മുതൽ 2030 വരെയാണ് ലുലയുടെ പുതിയ ഭരണകാലം. 1970ൽ യൂണിയൻ നേതാവായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ലുല വർക്കേഴ്‌സ് പാർട്ടിയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളാണ്.
2003 മുതൽ 2010 ഡിസംബർ വരെ തുടർച്ചയായി രണ്ടുതവണ ബ്രസീലിന്റെ പ്രസിഡണ്ടായിരുന്ന ലുല, 2022ലാണ് വീണ്ടും അധികാരത്തിലെത്തിയത്. 2017ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ, 2011ൽ ആ ശിക്ഷകൾ റദ്ദാക്കിയതോടെ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വഴിയൊരുങ്ങി.
2022ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് ജെയർ ബോൽസൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ലുല ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ഫ്‌ളാവിയ ബോൽസൊനാരോയെയും തോൽപ്പിച്ചിരിക്കുകയാണ്. ദാരിദ്ര നിർമാർജനം, തൊഴിലില്ലായ്‌മ പരിഹരിക്കൽ, വനനശീകരണം തടയൽ തുടങ്ങിയ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ലുല ജനവിധി തേടിയത്.
അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റിൽപ്പറത്തിയുള്ള ലുലയുടെ വിജയം ട്രംപിനും ലാറ്റിൻ അമേരിക്കയിലെ അദ്ദേഹത്തിന്റെ സഖ്യ കക്ഷികൾക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ലാറ്റിൻ അമേരിക്കയിലെ യുഎസ് വിരുദ്ധ ചേരിക്ക് ഏറെ ആവേശകരമാണ് ലുലയുടെ വിജയം. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ. ഇതോടൊപ്പം, മെക്‌സിക്കോയിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. മേഖലയിൽ ജനസംഖ്യയിൽ രണ്ടാമതുള്ള രാജ്യമാണ് മെക്‌സിക്കോ.
Most Read| ‘പിഎസ്‌സി ചെയർമാനെ പുറത്താക്കണം’; രാഷ്‌ട്രപതിക്ക് ശുപാർശ നൽകി ഗവർണർ



































