ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിന്‍വലിച്ചെന്ന് പോലീസ്. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് തങ്ങളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
എന്നാൽ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പരാതി പിൻവലിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്നും പരാതി പിന്‍വലിക്കില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
സുധാകരന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. വിഷയത്തിൽ അദ്ദേഹത്തോട് സിപിഎം വിശദീകരണം ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ആലപ്പുഴയില്‍ സുധാകരന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വർഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും അമ്പലപ്പുഴ പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. മന്ത്രിയും ഭാര്യയും ചേര്‍ന്ന് തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും പരാതിയില്‍ ആരോപിച്ചു.
ഭര്‍ത്താവിനെ താന്‍ പിടിച്ചു വച്ചിരിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പരാതിക്കാരിക്ക് പിജി പ്രവേശനം ലഭിക്കുന്നതു തടയാന്‍ മന്ത്രിയുടെ കുടുംബം ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. താൻ ആരെയും അപമാനിച്ചിട്ടില്ല. പരാതിക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. കുടുംബത്തെ വരെ ആക്ഷേപിക്കാൻ ശ്രമം നടന്നു. പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ








































