മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നേടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടിയിലെ ലോഡ്‌ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.
വഴിതെറ്റി പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികളായ മുനീർ, പ്രജീഷ് എന്നിവർ സമീപിച്ചത്. എന്നാൽ, അടുത്ത കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി പെൺകുട്ടിയെ ഇരുവരും പീഡിപ്പിക്കുക ആയിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറായ സജീറിനൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു വീണ്ടും ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
ശേഷം ഇവരിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി കാസർഗോഡേക്ക് ട്രെയിനിൽ കയറുകയും ചെയ്‌തു. കാസർഗോഡ് എത്തിയ ശേഷം പോലീസാണ് പെൺകുട്ടിയെ കോഴിക്കോടേക്ക് എത്തിച്ചത്. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു.
Most Read: സോളാർ പീഡനക്കേസ്; ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും ക്ളീൻ ചീറ്റ്