തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ളീൻ ചീറ്റ്. പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്‌തമാക്കി.
ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ, ഇത് വസ്‌തുതാ വിരുദ്ധമായ ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ ഇല്ലായിരുന്നെന്നും സിബിഐ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
സോളാർ പീഡനത്തിൽ ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസാണിത്. എന്നാൽ, ഈ ആരോപണത്തിൽ തെളിവുകൾ ഇല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. വിവാദമായ സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തിരുന്നത്. നേരത്തെ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, കെസി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്‌ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നുവന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ച് ആയിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നും ഇല്ലാതെ ഇഴയുന്നതിനിടെയാണ് കഴിഞ്ഞ പിണറായി സർക്കാർ ക്രൈം ബ്രാഞ്ചിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. ഏതാണ്ട് ഒരു വർഷത്തോളമായി കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്.
Most Read: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല