താരസംഘടനയായ എംഎംഎംഎ ‘ട്വന്റി-ട്വന്റി’ക്ക് ശേഷം അതേ മാതൃകയിൽ മറ്റൊരു സിനിമ നിർമിക്കാൻ ഒരുങ്ങുന്നു. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുക ആശിര്‍വാദ് സിനിമാസ് ആയിരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു.
കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച എഎംഎംഎയുടെ പുതിയ ആസ്‌ഥാന മന്ദിരത്തിന്റെ ഉൽഘാടന വേളയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം. എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും കൂടി 10 കോടി മുതല്‍ മുടക്കിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 80 ഓളം താരങ്ങൾ അണിനിരന്ന ചടങ്ങിൽ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിച്ചത്.
140 താരങ്ങളാണ് സിനിമക്ക് വേണ്ടി അണിനിരക്കുക. ചിത്രത്തിനായി പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കാണ് അവസരമെന്നതാണ് മറ്റൊരു സവിശേഷത.
കോവിഡിനെ തുടർന്ന് സിനിമ മേഖലക്കുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മോഹന്‍ലാല്‍ വ്യക്‌തമാക്കി. ടികെ രാജീവ് കുമാര്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ പിന്നിൽ. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.
Read Also: പുതിയ 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു; കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി