തിരുവനന്തപുരം: 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി നിര്‍മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാനായത് പ്രതിസന്ധികളെ അതിജീവിച്ചാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതായും ചൂണ്ടിക്കാട്ടി.
പ്രതിസന്ധി ഘട്ടത്തിലും മികച്ച വിദ്യാഭ്യാസം നല്‍കാനായതായി മുഖ്യമന്ത്രി വ്യക്‌തമാക്കി. അഭിനന്ദനാര്‍ഹമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഘട്ടത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന് സംസ്‌ഥാനത്ത് മാറ്റംവന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിച്ചതെന്നും വ്യക്‌തമാക്കി.
കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 22 സ്‌കൂള്‍ കെട്ടിടങ്ങളുടെയും മൂന്നുകോടി പദ്ധതിയില്‍ ഉള്‍പ്പെട്ട 21 കെട്ടിടങ്ങളുടെയും നബാര്‍ഡ് ഉള്‍പ്പടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്‌കൂളുൾ കെട്ടിടങ്ങളുടെയും ഉൽഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചത്.
അതേസമയം 62000 കോടിയുടെ വികസനം കിഫ്ബിയിലൂടെ സംസ്‌ഥാനത്തിന് നേടാനായെന്നും എന്നാൽ ഇത്തരം വികസനങ്ങൾക്ക് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് സഹായിക്കുന്ന ഒരു നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നേരത്തേ കിഫ്ബിയുടെ അഞ്ച് കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 സ്‌കൂള്‍ കെട്ടടിവും മൂന്ന് കോടി പദ്ധതിയിലൂടെ 44 കെട്ടിടങ്ങളും നാടിന് സമർപ്പിച്ചിരുന്നു.
Read Also: കാർഷിക നിയമം; ഉപാധികളോടെ ലോകസഭയിൽ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം