ഡെൽഹി: ഒടുവിൽ കാർഷിക നിയമത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ലോകസഭയിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട് ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചു.
കർഷക സമരത്തിൽ പ്രക്ഷുബ്‌ധം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകസഭ. പ്രതിപക്ഷം വലിയ പ്രതിഷേധമാണ് കർഷക സമരവുമായി ബന്ധപ്പെട്ട് പുറത്തെടുത്തത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നന്ദിപ്രമേയ ചർച്ച അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് കേന്ദ്രം ചില ഉപാധികൾ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്‌ച വിഷയത്തിൽ ലോകസഭയിൽ ചർച്ച നടന്നേക്കുമെന്നാണ് കരുതുന്നത്.
അതേസമയം നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകൾ ചർച്ച ചെയ്‌ത് പാസാക്കാനും അനുവദിക്കുക എന്നതടക്കമാണ് കേന്ദ്രം മുമ്പോട്ട് വെക്കുന്ന ഉപാധികൾ. കേന്ദ്രത്തിന്റെ ഈ ഉപാധികളിൽ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ രാജ്യസഭയെ അറിയിച്ചിരുന്നു. നിയമത്തില്‍ പോരായ്‌മ ഉള്ളതുകൊണ്ടല്ല മറിച്ച് കര്‍ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു. മാത്രവുമല്ല കാര്‍ഷിക നിയമങ്ങളെ കോണ്‍ഗ്രസ് തെറ്റായി വ്യഖ്യാനിച്ചുവെന്നും കർഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല