അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു

By News Desk, Malabar News
anupama child adoption case
Ajwa Travels

തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ദത്ത് നൽകാൻ മാതാപിതാക്കളും രാഷ്‌ട്രീയ പ്രവർത്തകരും അഭിഭാഷകരും ചേർന്ന് ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിന്റെ ലിംഗ നിർണയവും ഡിഎൻഎയും അട്ടിമറിച്ച് ആന്ധ്രാ സ്വദേശികൾക്ക് ദത്ത് നൽകിയെന്ന് റിപ്പോർട്.

ഡിവൈഎഫ്‌ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജൻമം നൽകിയത്. അജിത്ത് വേറെ വിവാഹിതനായിരുന്നതിനാൽ അന്ന് മുതൽ കുഞ്ഞിനെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിരുന്നു. ഇതിനായി സിപിഎം സംസ്‌ഥാന, ജില്ലാ നേതാക്കളുമായും സർക്കാർ പ്‌ളീഡർമാറുമായും കൂടിയാലോചന നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇവരുടെയെല്ലാം നിർദ്ദേശപ്രകാരമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചതെന്നാണ് ആക്ഷേപം.

സമിതി ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരാണ് 2020 ഒക്‌ടോബർ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുൻവശത്ത് നിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയ്യിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്. കുട്ടിക്ക് ഒരു വർഷത്തേക്കുള്ള വസ്‍ത്രങ്ങളും കളിപ്പാട്ടങ്ങളും ഇവർ കൈമാറിയിരുന്നു. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആൺകുട്ടിയെ ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടിയായി രേഖപ്പെടുത്തിയത്. ഇതിനായി ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആശുപത്രി ജീവനക്കാരെ സ്വാധീനിച്ചിരുന്നു.

തൊട്ടടുത്ത ദിവസം സമിതിയിൽ നിന്ന് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് ‘മലാല’ എന്ന് പേരിട്ടതായി ജനറൽ സെക്രട്ടറി ഷിജു ഖാൻ അറിയിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം നൽകുന്നതിനാണ് മലാല യൂസഫ് സായിയോടുള്ള ആദരസൂചകമായി ഈ പേര് കുഞ്ഞിന് നൽകിയതെന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

എന്നെങ്കിലും കുഞ്ഞിനെ തേടി അനുപമ എത്തിയാൽ സത്യം മറച്ചുവെക്കാൻ നടത്തിയ നാടകമായിരുന്നു ഇതെന്നാണ് ആക്ഷേപം. ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ ഒരു കയ്യബദ്ധമെന്ന പേരിൽ ജനറൽ സെക്രട്ടറി കയ്യൊഴിഞ്ഞു. അടുത്ത ദിവസം കുട്ടിക്ക് എഡ്‌സൺ പെലെ എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, ഒക്‌ടോബർ 23ന് വൈകിട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച മറ്റൊരു ആൺകുട്ടിക്കായിരുന്നു പെലെ എന്ന പേര് നൽകിയിരുന്നത്. അതിനാൽ അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്‌തത്‌ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു.

ദത്ത് നൽകൽ നടപടിയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നിയമപരമായി അവകാശികൾക്ക് ബന്ധപ്പെടാൻ പത്രപരസ്യം നൽകിയെങ്കിലും കുഞ്ഞിന്റെ സത്യം അറിയാമായിരുന്ന ജനറൽ സെക്രട്ടറി ഇത് മൂടിവെച്ചു. ഓഗസ്‌റ്റ്‌ ഏഴിനാണ് ആന്ധ്രാ സ്വദേശികളായ ഗൊല്ല രാമൻ- ഭൂമ അനുപമ ദമ്പതികൾക്ക് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത്. നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടായിരുന്നു ദത്ത് നൽകൽ. രക്ഷിതാക്കളെന്ന അവകാശവാദം ആരെങ്കിലും ഉന്നയിച്ചാല്‍ ദത്ത് നല്‍കരുതെന്നാണ് നിയമം. കുട്ടിയില്‍ അവകാശവാദം ഉന്നയിച്ച് അനുപമ ചൈല്‍ഡ് വൈല്‍ഫയര്‍ കമ്മറ്റിയെ സമീപിച്ചത് ഏപ്രില്‍ 19നാണ്. ഇതില്‍ നടപടിയെടുക്കാതെയാണ് ധൃതിപിടിച്ച് ഓഗസ്‌റ്റ്‌ ഏഴിന് കുട്ടിയെ ദത്ത് നല്‍കിയത്.

അനുപമ ശിശുക്ഷേമ സമിതിയിൽ എത്തിയെങ്കിലും കുട്ടിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഡിഎൻഎ ഫലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും മറ്റൊരു ആൺകുട്ടിയുടെ ഡിഎൻഎ ഫലം കാണിച്ച് കബളിപ്പിച്ച് അനുപമയെയും അജിത്തിനെയും ശിശുക്ഷേമ സമിതി അധികൃതർ തിരിച്ചയക്കുകയായിരുന്നു.

Also Read: ലഹരികേസ്; എൻസിബി ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE