കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം. കണ്ണവം പോലീസ് സ്‌റ്റേഷൻ എസ്‌ഐ ബഷീറിന് നേരെയാണ് ആക്രമണം നടന്നത്. സ്‌പെഷ്യൽ ഡ്രൈവ് ചെയ്‌ത് തിരികെ വരികയായിരുന്ന എസ്‌ഐക്ക് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോട്ടയിൽ ഭാഗത്തുവെച്ച് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. പരിക്കേറ്റ എസ്‌ഐ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
ചിറ്റാരിപ്പറമ്പ് ഭാഗത്ത് നിന്ന് കോട്ടയിൽ ഭാഗത്തേക്ക് വന്ന പോലീസ് ജീപ്പ് കണ്ട് റോഡരികിൽ കൂടിനിന്ന 25 ഓളം പേർ ഓടിപ്പോയത് എസ്ഐയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന്, സംഘത്തിലെ ഒരാളുടെ വാഹനം കസ്‌റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റാൻ നോക്കിയ സമയത്താണ് എസ്‌ഐക്ക് നേരെ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. പിടിച്ചെടുത്ത വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടെ സംഘം തിരിച്ചെത്തുകയും വാഹനം കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് എസ്ഐയുടെ കൈ പിടിച്ചു തിരിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് എസ്‌ഐക്ക് നേരെ കൂടുതൽ ആക്രമങ്ങൾ ഉണ്ടായതോടെ സിഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്‌ഥലത്തെത്തിയാണ് പ്രശ്‌നക്കാരെ നീക്കിയത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്‌തതിനും ഇരുപതോളം പേർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബിജെപി പ്രവർത്തകനെ കോല ചെയ്‌ത കേസിൽ പരോളിലിറങ്ങിയവർ ഉൾപ്പടെ സംഘത്തിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
Most Read: രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി