തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ മുൻപ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു. നേരത്തെ ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിൽ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടന്നെന്ന വാദം ഉയർന്നിരുന്നു. എന്നാൽ ബിജു രമേശിന്റെ രഹസ്യ മൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേരില്ല. ഇതോടെയാണ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നത്.
മുൻ മന്ത്രി കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്കെതിരെയാണ് ബിജു രമേശിന്റെ രഹസ്യമൊഴിയിൽ വെളിപ്പെടുത്തൽ. ചെന്നിത്തലയെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നാണ് ബിജു രമേശ് പറഞ്ഞത്.
ബാർ ലൈസൻസ് ഫീസ് കുറക്കാൻ ബാറുടമകൾ പിരിച്ച പണം അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കും മുൻ മന്ത്രിമാരായിരുന്ന കെ ബാബുവിനും വിഎസ് ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
ചെന്നിത്തലക്ക് ഒരുകോടിയും കെ ബാബുവിന് അൻപത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല.
Read Also: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും