തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നാം തീയതി മുതൽ ബസ് നിരക്ക് വർധന നടപ്പാക്കാൻ ആലോചന. ബസ് ചാർജ് വർധന സംബന്ധിച്ച ഗതാഗത വകുപ്പിന്റെ ശുപാർശക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെയാണ് ഫെബ്രുവരി 1 മുതൽ ഇത് നടപ്പാക്കാൻ ആലോചിക്കുന്നത്.
ശുപാർശ പ്രകാരം 2.5 കിലോമീറ്റർ ദൂരത്തിന് മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കൂടാതെ തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാക്കുകയും ചെയ്യും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയ്‌ക്ക് സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനം അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്. ഇതിനൊപ്പം തന്നെ വിദ്യാർഥികൾക്കുള്ള നിരക്കിലും വർധന ഉണ്ടായിട്ടുണ്ട്.
ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്ക് ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിൽ വിദ്യാർഥികൾക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനിമുതൽ 5 രൂപയാക്കാനാണ് പുതിയ നിർദ്ദേശം.
Read also: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി