ചീഫ് ജസ്‌റ്റിസ്‌ എസ്‌എ ബോബ്‌ഡെ ഇന്ന് വിരമിക്കും

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ശരദ് അരവിന്ദ് ബോബ്ഡെ
(എസ്‌എ ബോബ്‌ഡെ) ഇന്ന് വിരമിക്കും. വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയ ജഡ്‌ജി കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ 47ആമത് ചീഫ് ജസ്‌റ്റിസായി 2019 നവംബർ 18നാണ് നിയമിതനായത്.

16 ഒക്‌ടോബർ 2012 മുതൽ 11 ഏപ്രിൽ 2013 വരെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി മുംബൈ, മഹാരാഷ്‌ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി നാഗ്‌പൂർ, ഡെൽഹി സർവകലാശാല എന്നീ സ്‌ഥാപനങ്ങളിൽ ചാൻസലറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു.

നിരവധി വിവാദങ്ങളും സേവനകാലത്ത് ബോബ്‌ഡെയെ പിന്തുടർന്നിരുന്നു. രാഷ്‌ട്രീയ നേതാവിന്റെ മകന്റെ പേരിലുള്ള ആഢംബര ബൈക്കില്‍ ബോബ്‌ഡെ ഇരിക്കുന്ന ചിത്രം വന്‍ വൈറലായിരുന്നു. കോടതിക്കുള്ളിലും പുറത്തും എസ്‌എ ബോബ്‌ഡെ നടത്തിയ പല പരാമര്‍ശങ്ങളും വന്‍വിവാദമായി. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പിന് കാരണമായി. അങ്ങനെ ചോദിച്ചിട്ടില്ലെന്നും, പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോർട് ചെയ്യപ്പെട്ടെന്നും ബോബ്‌ഡെക്ക് പിന്നീട് വ്യക്‌തത വരുത്തേണ്ടി വന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ബോബ്‌ഡെ തയാറായില്ലെന്ന ആരോപണമുണ്ട്. പക്ഷേ, കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്‌തത്‌ ശ്രദ്ധേയമാണ്. ബൈക്കിനോടുള്ള പ്രേമം കാരണം ബോബ്‌ഡെ പുലിവാല് പിടിച്ചതും രാജ്യം കണ്ടു. രാഷ്‌ട്രീയ നേതാവിന്റെ മകന്റെ ആഢംബര ബൈക്ക് ചീഫ് ജസ്‌റ്റിസ് ഉപയോഗിച്ചുവെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നു.

വിവാദങ്ങൾക്ക് പുറമേ നിർണായകമായ പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചതും, രാജ്യത്തിനൊരു വനിത ചീഫ് ജസ്‌റ്റിസിനെ ലഭിക്കേണ്ട സമയമായെന്ന പരാമര്‍ശവും വാര്‍ത്തകളിലിടം പിടിച്ചു. ശബരിമല പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചിനെ നയിച്ചതും ബോബ്‌ഡെ തന്നെയാണ്. പക്ഷേ, ശബരിമല അടക്കം വിശ്വാസ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാതെയാണ് ബോബ്‌ഡെ പടിയിറങ്ങുന്നത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ ബോബ്‌ഡെക്ക് യാത്രയയപ്പ് നൽകുന്നത്. കോവിഡ് സാഹചര്യമായതിനാൽ വെർച്വൽ ആയാണ് യാത്രയയപ്പ്. അതേസമയം, അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ നാളെ ചുമതലയേൽക്കും.

Also Read: ‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE