കൊച്ചി: അന്തരിച്ച മലയാള സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് റീഫോംഡ് ആഗ്‌ളിക്കൽ ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്‌കൂൾ, വാകത്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
ഉച്ചക്ക് ഒന്നരയോടെ വിലാപയാത്ര ആയിട്ടാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. അതേസമയം, സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. മിമിക്രിയിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകനെ എന്നും ചിരിപ്പിച്ചുകൊണ്ടിരുന്ന പ്രിയ കലാകാരന്റെ വിയോഗം ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. നിരവധിപ്പേരാണ് സുധിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, സുരേഷ് ഗോപി, ഗോകുലം ഗോപാലൻ തുടങ്ങി നിരവധിപേർ താരത്തിന് അനുശോചനം രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെ 4.30ന് തൃശൂർ കയ്‌പമംഗലം പനമ്പിക്കുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിൽ നിന്ന് നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ടെലിവിഷൻ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 2015ൽ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്റ് ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗ്ഗത്തിലെ കട്ടുറമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വേദികളിൽ നിറഞ്ഞുനിന്ന ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.
Most Read: ‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്