ഉക്കിനടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ പണിയാണ് പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. പുറമേയുള്ള തേപ്പു പണി പുരോഗമിക്കുന്നതിനിടെയാണ് പണി നിലച്ചത്. തുളസി അസോഷ്യേറ്റ്‌സാണ് നിർമാണ പ്രവർത്തനം.
മെഡിക്കൽ കോളജ് ഉടൻ സജ്‌ജമാക്കുമെന്നാണ് കഴിഞ്ഞ നവംബർ 18ന് ഇവിടം സന്ദർശിച്ച സന്ദർശിച്ചപ്പോൾ ആരോഗ്യ മന്ത്രി പറഞ്ഞത്. ആശുപത്രി കെട്ടിടത്തിന്റ ആദ്യത്തെ നില 6 മാസത്തിനുള്ളിൽ തീർക്കുമെന്ന് അന്ന് കരാറുകാരനും വ്യക്‌തമാക്കിയിരുന്നു. എന്നാൽ സർക്കാരിൽ നിന്നു പണം ലഭിക്കാതായതോടെ പണി നിലച്ചു.
ഇലക്‌ട്രിക്കൽ വർക്കുകൾ അടക്കം പൂർത്തിയാക്കുന്നതിന് കിഫ്‌ബി 160.23 കോടി രൂപ അനുവദിക്കുമെന്നും ഇതിന് ഉടൻ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനുള്ള സാങ്കേതിക അനുമതിയും ഇതുവരെ ആയിട്ടില്ല. 30 കോടി രൂപ ചെലവിൽ കാസർഗോഡ് വികസന പാക്കേജിൽ പൂർത്തിയാക്കിയ അക്കാദമിക് ബ്‌ളോക്ക് കെട്ടിടം മാത്രമാണ് ഇപ്പോഴും ഇവിടെ പൂർണതോതിൽ പണി പൂർത്തിയാക്കിയിട്ടുള്ളത്.
Most Read: ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്