തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗത മന്ത്രി ആന്റണി രാജുവും ബസുടമകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. ടിക്കറ്റ് നിരക്ക് വർധന സംബന്ധിച്ച് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ ബസുടമകൾ തയ്യാറായത്.
നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി വാഗ്‌ദാനം നൽകിയെന്നും, എന്നാൽ എന്ന് മുതലാണ് വർധനയെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്‌ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. കഴിഞ്ഞ 24ആം തീയതി മുതലാണ് സംസ്‌ഥാനത്ത് ടിക്കറ്റ് നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത്.
Read also: കേരള തീരത്തേക്ക് ശ്രീലങ്കൻ പൗരൻമാർ കടക്കുമെന്ന് റിപ്പോർട്; പരിശോധന കർശനമാക്കി