കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി നടന്നതായി ആരോപണം ഉയർന്നു. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌ത് പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർ കോർപറേഷനിൽ അടച്ചില്ലെന്നാണ് ആരോപണം.
നേരത്തെ കോഴിക്കൂടിനായി പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർ തട്ടിയെടുത്തെന്ന് പരാതി ഉയർന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
80 വയസുള്ള കർഷകനാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരുടെ തട്ടിപ്പിന് ഇരയായത്. മട്ടുപ്പാവിൽ മുട്ടക്കോഴി പദ്ധതിയിലേക്ക് കോഴിക്കോട് ചാത്തമംഗലത്ത് നഴ്‌സറി നടത്തുന്ന രാവുണ്ണിയാണ് കോഴിക്കുഞ്ഞുങ്ങളെ നൽകിയത്. കുഞ്ഞ് ഒന്നിന് 150 രൂപാ നിരക്കിൽ 1350 കോഴിക്കുഞ്ഞുങ്ങളെ ഉദ്യോഗസ്‌ഥർ വാങ്ങി.
ഒരു കൂടിന് 15 കുഞ്ഞുങ്ങൾ വീതം പദ്ധതിയിൽ അംഗങ്ങളായവർക്ക് വിതരണം ചെയ്‌ത് 1125 രൂപാ വീതം ഉദ്യോഗസ്‌ഥർ പിരിച്ചെടുത്തു. എന്നാൽ രാവുണ്ണിക്ക് 27000 രൂപ മാത്രമാണ് നൽകിയത്. ഉദ്യോഗസ്‌ഥർ പണം മുക്കിയെന്ന് മനസിലാക്കിയ രാവുണ്ണി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.
നേരത്തെ കോഴിക്കൂട് വിതരണത്തിലും വൻ തിരിമറിയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയത്. കോർപറേഷൻ പരിധിയിൽ 90 കോഴിക്കൂടുകളാണ് വിതരണം ചെയ്‌തത്. ഒരു കൂടിന് 4450 രൂപ വീതം പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്ന് വാങ്ങിയെടുത്തു. അതിൽ 19 കൂടിന്റെ പണം മാത്രമേ ഉദ്യോഗസ്‌ഥർ കോർപറേഷനിൽ നൽകിയുള്ളു. കോർപറേഷൻ സെക്രട്ടറിയും കൂട് വിതരണം ചെയ്‌ത കമ്പനിയും നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Most Read: ദത്ത് വിവാദം; അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും