പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ ഫ്രാന്‍സിലെ മറ്റ് 15 പ്രദേശങ്ങളിലും വെള്ളിയാഴ്‌ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും.
പാരീസിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ റിപ്പോര്‍ട് ചെയ്‌തത് 35,000 പുതിയ കേസുകളാണ്. നിലവില്‍ 1,200 പേരോളം ഐസിയുവിലാണെന്നും മന്ത്രി അറിയിച്ചു. നംവബറില്‍ ഉയര്‍ന്നുവന്ന രണ്ടാം തരംഗത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം പുതിയ നിയന്ത്രണങ്ങള്‍ എല്ലാം അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. അത്യാവശ്യ വ്യവസായ, വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. സ്‌കൂളുകളും അടക്കില്ല. ആളുകള്‍ക്ക് വീടിന്റെ 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വ്യായാമം ചെയ്യുന്നതിനും വിലക്കില്ല. എന്നാല്‍ യാത്രകള്‍ക്ക് നിയന്ത്രണം വരും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര അനുവദിക്കുന്നതല്ല. ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ യാത്ര ചെയ്യുകയാണെങ്കില്‍ അതിനുള്ള കാരണം അധികൃതരെ ബോധ്യപ്പെടുത്തണം.
Read Also: കോവിഡ് ബാധ; പഞ്ചാബിലെ വിവിധ നഗരങ്ങളിൽ രാത്രി കർഫ്യൂ