അമൃത്‌സർ: വർധിച്ചുവരുന്ന കോവിഡ് ബാധ കണക്കിലെടുത്ത് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി അമൃത്‌സർ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ ഇരുന്നൂറിലധികം പേർക്ക് കോവിഡ് ബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. രാത്രി 11 മണി മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അമൃത്‌സറിന് പുറമെ ജലന്ധർ, ലുധിയാന എന്നിവിടങ്ങളിലും ഇന്നലെ മുതൽ രാത്രി കർഫ്യൂ നിലവിൽ വന്നു. ഇവിടങ്ങളിലും കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,387 പുതിയ കോവിഡ് രോഗബാധയാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,05,418 ആണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ രാത്രി കർഫ്യൂ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Read Also: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി