കൊൽക്കത്ത: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്‌തമായതോടെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിലെ സ്‌ഥാനാർഥിയെ മാറ്റി ബിജെപി. മുൻ ചീഫ് സാമ്പത്തിക ഉപദേഷ്‌ടാവ് അശോക് ലാഹിരിയെ ആണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്‌ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റിയത്. മണ്ഡലത്തിന് പുറത്തു നിന്നുള്ളവർ സ്‌ഥാനാർഥി ആവേണ്ട എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ നിലപാട്.
പാർട്ടിയുടെ ആദ്യ പട്ടികയിൽ ഇടംപിടിച്ച ലാഹിരിക്ക് പകരം പ്രാദേശിക നേതാവായ സുമൻ കാഞ്ചിലാലിനെ പുതുതായി പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തി. അവസാന ഘട്ട തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളുടെ പട്ടികയിൽ ലാഹിരിക്ക് ഇടം നൽകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ജാതി താൽപര്യങ്ങളുടെ സംഘർഷം ഉണ്ടായതിനാലാണ് ലാഹിരിയെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിൽ നിന്ന് ഒഴിവാക്കിയതെന്നും തെക്കൻ ദിനാജ്‌പുർ ജില്ലയിലെ ബലുർഘട്ടിൽ നിന്ന് അദ്ദേഹത്തെ മൽസരിപ്പിക്കും എന്നുമാണ് റിപ്പോർട്.
അതേസമയം, ബലുർഘട്ട്, റാഷ്‌ബെഹാരി, ഡാർജിലിംഗ്, കുർസിയോംഗ്, കലിംപോംഗ് എന്നീ അഞ്ച് സീറ്റുകളിലേക്ക് ബിജെപി ഇതുവരെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. 294 അംഗ പശ്‌ചിമ ബംഗാൾ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 30നാണ് അവസാനിക്കുക.
Also Read: പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു