പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

By News Desk, Malabar News
Representational Image

ന്യൂഡെൽഹി: ഏറെ നാളായി കാത്തിരുന്ന വാഹന സ്‌ക്രാപ്പേജ് നയം റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിൻ ഗഡ്‌കരി ഇന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഡുകളിൽ നിന്ന് കാലഹരണപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത് വാഹന മേഖലക്ക് വലിയ പ്രോൽസാഹനമാകുമെന്ന് നയം പ്രഖ്യാപിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. മലിനീകരണം കുറക്കുക എന്നതാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം.

സ്‌ക്രാപ്പേജ് നയം നിലവിൽ വരുന്നതോടെ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഇനി മുതൽ എട്ട് മുതൽ ഇരുപത്തിയൊന്ന് ഇരട്ടി വരെ അധികം പണം നൽകേണ്ടി വരും. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രജിസ്‌ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയിരിക്കുന്നത്.

15 വർഷം പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രാലയം പുറപ്പെടുവിച്ച കാർഡിൽ ശുപാർശ ഉണ്ടായിരുന്നു. കാറിന്റേത് എട്ടിരിട്ടി വര്‍ധിച്ച് 5000 ആയി ഉയരും. ഇറക്കുമതി ചെയ്‌ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയുമാണ് നൽകേണ്ടത്.

പഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയത് വാങ്ങാൻ സാമ്പത്തികമായി ആളുകളെ സഹായിക്കാനും പദ്ധതി ഉപകരിക്കും. സ്‌ക്രാപ്പ് സെന്ററുകൾ, വാഹന വ്യവസായം, ഘടക വ്യവസായങ്ങൾ എന്നിവക്കെല്ലാം ഈ നയത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ 51 ലക്ഷം വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുണ്ടെന്നും ഗഡ്​കരി പറഞ്ഞു. 15 വർഷത്തിനു മുകളിൽ പ്രായമുള്ള 17 ലക്ഷം വാഹനങ്ങൾക്ക്​ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്​. പുതിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനങ്ങൾ 10-12 മടങ്ങ് കൂടുതൽ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷക്ക് ഭീഷണി ഉണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ പോളിസിപ്രകാരം വാഹനം ഉപേക്ഷിക്കുന്നവർ പുതിയവ വാങ്ങുമ്പോൾ അഞ്ച് ശതമാനം കിഴിവ് നൽകാൻ എല്ലാ വാഹന നിർമാതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ നയം മൂലം സ്‌പെയർ പാർട്സുകളുടെ വില കുറയുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ജിഎസ്‌ടി നേടാൻ കേന്ദ്രത്തെയും സംസ്‌ഥാനങ്ങളെയും സഹായിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിസി ഈ വർഷാവസാനം ആരംഭിക്കാനാണ് സാധ്യത.

Also Read: ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE