കുവൈറ്റ് : കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്ന ആളുകള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യമന്ത്രി ശൈഖ് ഡോക്ടർ ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷന് നടത്തിയതിന്റെ തെളിവായി ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ തന്നെ എല്ലാ വിമാനത്താവളങ്ങളിലും വാക്സിനേഷന് നടത്തിയതിന്റെ തെളിവായി ഇത് സ്വീകരിക്കുകയും ചെയ്യും.
രാജ്യത്തുള്ള മിഷ്റിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ ആറില്‍ രണ്ടാമത് കുത്തിവെപ്പ് കേന്ദ്രം ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് വിതരണം ഇതിനോടകം തന്നെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഉല്‍ഘാടനം ചെയ്തു കഴിഞ്ഞു.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെക്കുന്നത്. അതിന് ശേഷം ഒരാഴ്ച കൂടി കഴിയുമ്പോള്‍ മാത്രമേ വാക്സിന് പൂര്‍ണമായും ഫലം കാണുകയുള്ളൂ. രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത ശേഷം വാക്സിന് സ്വീകരിച്ചത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആളുകള്‍ക്ക് കൈമാറും.
Read also : 15 വർഷത്തിന് ശേഷം പലസ്തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്മൂദ് അബ്ബാസ്